സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കും. ഇതിന്റെ ഉദ്ഘാടനം സെപ്തംബർ 28 ന് ബഹു.മുഖ്യമന്ത്രി നിർവ്വഹിക്കും.
അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുള്ളത്.
- ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.
- അപേക്ഷയ്ക്കൊപ്പം നൽകിയിട്ടുള്ള ഇമെയിൽ അഡ്രസിലും, അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.
- അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയിൽ തപാൽ മാർഗവും, പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങൾ ലഭ്യമാക്കുന്നതാണ് .
- പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.
- അപേക്ഷയിൽ നടപടി പൂർത്തിയാകുമ്പോൾ അത് സംബന്ധിച്ച അറിയിപ്പ് SMS ആയി അപേക്ഷകന് ലഭിക്കും.
തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ ട്രയൽ പൂർത്തിയാക്കിയ സോഫ്റ്റ്വെയർ ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കും. തുടർന്ന് കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടപ്പിൽ വരുത്തുന്നതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള ഇടതുപക്ഷ ജാനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം.
കേരളം തീർക്കുന്ന പുതു മാതൃകകൾ നാളെ രാജ്യത്തിനു വഴികാട്ടി
- 1075 views