1969 ലെ കേന്ദ്ര ജനന-മരണ രജിസ്ട്രേഷന് നിയമം നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ ജനനമരണ രജി സ്ട്രേഷന് ഒരു ഏകീകൃത നിയമം ഉണ്ടായത്. 1.4.1970 മുതലാണ് സംസ്ഥാനത്ത് ജനന-മരണ രജിസ്ട്രേഷന് നിയമം നിലവില്‍ വന്നത്. ഈ നിയമത്തിനനുസരിച്ചുള്ള ചട്ടങ്ങള്‍ 1.7.1970 മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. 2000ല്‍ ചട്ടങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടിയുടെ പേര് ചേര്‍ക്കാതെ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം സൗജന്യമായും അതിനുശേഷം 5 രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേര്‍ക്കാവുന്നതാണ്. 1970നു മുമ്പുള്ള രജിസ്ട്രേഷനുകളിലെ തിരുത്തലുകള്‍ക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ജനന-മരണ രജിസ്ട്രേഷന് അടിസ്ഥാന രേഖയായതിനാല്‍ ഭാവിയില്‍ ഇഷ്ടാനുസരണം തിരുത്തലുകള്‍ വരുത്താന്‍ കഴിയുകയില്ല. അതിനാല്‍ ജനന-മരണ രജിസ്ട്രേഷന് ശരിയായും വ്യക്തമായും വിവരങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തണം. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറാണ് ജനന-മരണ രജിസ്ട്രേഷന്റെ സംസ്ഥാന ചീഫ് രജിസ്ട്രാര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ജില്ലാ രജിസ്ട്രാര്‍മാര്‍.
ഹിന്ദു വിവാഹ രജിസ്ട്രേഷന്
1955 ലെ ഇന്ത്യന്‍ ഹിന്ദു വിവാഹ നിയമപ്രകാരം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും അതാത് ഗ്രാമപഞ്ചായത്ത്-മുനിസിപ്പല്‍-കോര്പ്പറേഷന് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1957 ലെ കേരള ഹിന്ദു വിവാഹ രജിസ്ട്രേഷന് ചട്ടം 20.5.1959 മുതലാണ് നിലവില്‍ വന്നത്. അതിനാല്‍ ഈ തീയതിക്കു മുമ്പുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതല്ല. വിവാഹം നടന്ന് 15 ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിശ്ചിത 15 ദിവസത്തിനുശേഷം 15 ദിവസം കൂടി മതിയായ കാരണങ്ങളിന്മേല് ലോക്കല്‍ രജിസ്ട്രാര്‍ക്കു തന്നെ കാലതാമസം മാപ്പാക്കി വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അതിന് ശേഷമുള്ള രജിസ്ട്രേഷനുകള്‍ നടത്തുന്നതിന് ജില്ലാ രജിസ്ട്രാറുടെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍) അനുവാദം ആവശ്യമാണ്. രജിസ്ട്രേഷനുകളില്‍ വന്നിട്ടുള്ള സാരമായ തെറ്റുകള്‍ തിരുത്തുന്നതിന് രജിസ്ട്രാര്‍ ജനറലായ പഞ്ചായത്ത് ഡയറക്ടറുടെ അനുമതി ആവശ്യമാണ്. വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് 10 രൂപ പകര്‍പ്പ് ഫീസ് ഒഴികെ ഹിന്ദു വിവാഹങ്ങള്‍ രജിസ്ട്രേഷന് സംബന്ധമായി സേവനങ്ങള്‍ക്ക് യാതൊരു ഫീസും ഈടാക്കാന്‍ പാടുള്ളതല്ല.
2008-ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍
കേരള സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമെന്യേ രജിസ്റ്റര്‍ ചെയ്യുന്നതിനായി സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 29.02.2008 മുതല്‍ പ്രാബല്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2008 ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. 1969 ലെ ജനന മരണ രജിസ്ട്രേഷന് ആക്റ്റ് പ്രകാരമുള്ള ജനന മരണ രജിസ്ട്രാര്‍മാരാണ് വിവാഹ (പൊതു) ലോക്കല്‍ രജിസ്ട്രാര്‍. പഞ്ചായത്ത് ഡയറക്ടര്‍ വിവാഹ (പൊതു) മുഖ്യ രജിസ്ട്രാര്‍ ജനറലും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വിവാഹ (പൊതു) രജിസ്ട്രാര്‍ ജനറല്‍മാരുമാണ്. വിവാഹത്തില്‍ ഏര്‍പ്പെട്ട കക്ഷികള്‍ വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടം വിവാഹതീയതി മുതല്‍ 45 ദിവസത്തിനകം ലോക്കല്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം രജിസ്ട്രേഷന് ഫീസായി 100 രൂപ ഒടുക്കേണ്ടതുമാണ്. പട്ടികജാതി, പട്ടികവര്ഗ്ഗങ്ങളില്പ്പെട്ടവരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും രജിസ്ട്രേഷന് ഫീസായി 10 രൂപ ഒടുക്കിയാല്‍ മതിയാകും. ഭാര്യാഭര്ത്താക്കന്മാര് ഹാജരായി രജിസ്റ്ററില്‍ ഒപ്പുവയ്ക്കുകയും വേണം. രജിസ്ട്രേഷന് നടത്തിക്കഴിഞ്ഞാല്‍ അതിന്റെ തെളിവിലേക്കായി 3 പ്രവൃത്തിദിവസത്തിനകം ഒരു സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കുന്നതാണ്. ഇതിന് 20 രൂപ ഫീസ് ഒടുക്കണം. ഇതു കൂടാതെ, ഏതൊരാള്‍ക്കും 25 രൂപ ഫീസ് സഹിതം അപേക്ഷിച്ചാല്‍ രജിസ്റ്ററിലെ ഏതൊരു ഉള്ക്കുറിപ്പിന്റെയും പ്രസക്തഭാഗം അടങ്ങുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. വിവാഹം നടന്ന് 45 ദിവസത്തിനു ശേഷം അഞ്ച് വര്‍ഷം വരെ നൂറു രൂപ പിഴ ഈടാക്കിക്കൊണ്ടും അഞ്ച് വര്‍ഷത്തിനു ശേഷം രജിസ്ട്രാര്‍ ജനറലിന്റെ അനുമതിയോടെ 250 രൂപ പിഴ ഈടാക്കിയും വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ലോക്കല്‍ രജിസ്ട്രാര്‍ക്ക് സ്വമേധയായോ, ബന്ധപ്പെട്ട കക്ഷികളുടെ അപേക്ഷയിന്മേലോ രജിസ്റ്ററിലെ ഏതെങ്കിലും ഉള്‍ക്കുറിപ്പ്, രൂപത്തിലോ സാരാംശത്തിലോ തെറ്റാണെന്നോ വ്യാജമായി ചേര്‍ത്തതാണെന്നോ ബോദ്ധ്യപ്പെട്ടാല്‍ തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ലോക്കല്‍ രജിസ്ട്രാറുടെ തീരുമാനങ്ങളിന്മേല് രജിസ്ട്രാര്‍ ജനറലിന് അപ്പീലും അതിലെ തീര്പ്പിന്മേല് മുഖ്യ രജിസ്ട്രാര്‍ ജനറലിന് റിവിഷനും തീരുമാനം ലഭിച്ച് മൂന്ന് മാസ കാലയളവിനുള്ളില്‍ നല്‍കാം.
- 36634 views