തദ്ദേശകം 2020

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാകെ സംസ്ഥാന സർക്കാരിന്റെ നവകേരള വികസനദൗത്യങ്ങൾ വിജയിപ്പിക്കാൻ ഒരുമിക്കുകയാണ്. ക്രിയാത്മകമായ പദ്ധതി രൂപീകരണത്തിലും കാര്യക്ഷമവും സമയബന്ധിതവുമായ നിർവ്വഹണത്തിലും കേരളത്തിലെ പ്രാദേശിക സർക്കാരുകൾ മികവിന്റെ പുതിയ ഔന്നത്യങ്ങൾ സ്വന്തമാക്കിയിരിക്കുന്നു. 2018ലെ മഹാ പ്രളയവും 2019ലെ പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് വികസനത്തിന്റെ പന്ഥാവിൽ തിരിച്ചെത്തിയ കേരളത്തിന് ജനങ്ങളുടെ ഒത്തൊരുമയും പ്രാദേശിക സർക്കാരുകളുടെ ഭാവനാത്മകങ്ങളായ ഇടപെടലുകളും കരുത്താവുകയാണ്. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത്, നാടിന്റെ വികസന വഴികളിലൂടെ നവകേരള ദൗത്യങ്ങളുമായി മുന്നോട്ടു പോകുന്ന വികസന പ്രവർത്തകർക്ക് "തദ്ദേശകം 2020" പ്രയോജനപ്രദമാവട്ടെ എന്നാശംസിക്കുന്നു.

എ.സി. മൊയ്തീന്‍
തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി


ഭരണപരമായ കാര്യക്ഷമതയിലും പദ്ധതി നിർവ്വഹണത്തിലും വിഭവ സമാഹരണത്തിലും പുതിയ ചരിത്രമെഴുതി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുന്നേറുകയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയവും 2019ലെപ്രകൃതി ദുരന്തങ്ങളും അതിജീവിച്ച്, വികസനത്തിന്റെ പാതയിൽ തിരിച്ചെത്താനും മികവിന്റെ പുതിയ ഔന്നത്യങ്ങൾ സ്വന്തമാക്കാനും നമുക്ക് സാധിച്ചു. 2019-20 വർഷത്തെ പദ്ധതി നിർവ്വഹണം പദ്ധതി വർഷത്തിലെ ആദ്യ മാസം തന്നെ ആരംഭിക്കാൻ കഴിഞ്ഞു. ഭരണരംഗത്തെ മികവിന്റെ പര്യായങ്ങളായി നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾ മാറുകയാണ്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അവയ്ക്ക് നേതൃത്വം നല്‍കുന്ന സംസ്ഥാന, ജില്ലാ ഓഫീസുകളുടെയും സർക്കാർ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വികസന പദ്ധതികളുടെയും വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് 'തദ്ദേശക'ത്തിന്റെ ഈ വർഷത്തെ പതിപ്പ് പുറത്തിറക്കുകയാണ്. പൊതുജനങ്ങള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മറ്റ് വികസന പ്രവർത്തകർക്കും ഇതൊരു കൈപ്പുസ്തകവും വികസന ഗൈഡുമായി പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

റ്റി.കെ . ജോസ് ഐ.എ.എസ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി