കേരളത്തിന്റെ വികസനക്കുതിപ്പിന് വേഗതയും കരുത്തും പകരേണ്ട ഊര്‍ജദായിനിയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. അവയെ കാലോചിതമായി വികസിപ്പിക്കുന്നതിനായാണ് സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന് ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ്, വേണ്ട ഇടപെടലുകളിലൂടെ ഓരോരുത്തരുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം. സങ്കേതങ്ങളുടെയും സമ്പ്രദായങ്ങളുടെയും സമന്വയത്തിലൂടെ അടുത്ത തലമുറയെ സാമൂഹിക ബോധമുള്ള പൗരരും മെച്ചപ്പെട്ട മനുഷ്യരുമായി വാര്‍ത്തെടുക്കുന്നതിനുള്ള ശ്രമമാണിത്.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഓരോ ക്ലാസിലും കൈവരിക്കേണ്ട ശേഷികളും ധാരണകളും നേടി അന്തര്‍ദേശീയ നിലവാരത്തില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം വരുന്ന അഞ്ച് വര്‍ഷത്തിനകം പൊതുവിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഇപ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം അളക്കേണ്ടതുണ്ട്. ശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാശേഷികള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബേസ് ലൈന്‍ സൃഷ്ടിച്ചതിന് ശേഷം 2017 ജൂണ്‍ മുതലുള്ള അക്കാദമിക വര്‍ഷത്തെ സ്കൂള്‍തല ഇടപെടലുകളിലൂടെ ആരംഭിച്ച് 2021 മാര്‍ച്ച് വരെ ഓരോ വിദ്യാലയവും നേടേണ്ട നിലവാരം കേരള പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ (Kerala Education Missions Agenda 2021) നിര്‍വചിക്കും.
പൊതുവിദ്യാലയങ്ങളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് തെരെഞ്ഞെടുത്ത 1000 ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ‘ഹൈടെക്’ ആക്കും. ഇവയെ ഹബ്ബുകള്‍ (Hub) ആക്കുകയും, ഇവയെ കേന്ദ്രീകരിച്ച് ചുറ്റുമുള്ള മറ്റ് പൊതുവിദ്യാലയങ്ങളെ സ്പോക്കുകള്‍ (Spoke) ആയും കണ്ട് 2017 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ ICT ഉപയോഗിച്ചുള്ള പഠന-ബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
നാല് അക്കാദമിക വര്‍ഷങ്ങള്‍ കൊണ്ട് മിഷന് ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന രീതിയിലായിരിക്കും പഠനരീതി ആവിഷ്കരിക്കുക. പഠന-ബോധന പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വ്യത്യാസങ്ങളില്ലാതെ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍, വിഷ്വല്‍, ഓഡിറ്ററി & കൈനെസ്തെറ്റിക് (Visual, Auditory & Kinesthetic) അനുഭവങ്ങള്‍ പകരുന്ന ഒരു പഠനരീതി ആയിരിക്കും ആവിഷ്കരിക്കുക. ഈ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരു സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുള്‍പ്പെടുത്തി 5 വര്‍ഷത്തിനകം വികസിപ്പിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ പരിശീലനത്തിനും സംരംഭകത്വശേഷി വികസനത്തിനുമുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കും.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വരുന്ന മൂന്നര ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ കേരളത്തിന്റെ ഭാവി വികസനത്തിന്റെ നെടുംതൂണുകളാണ്. സമഗ്ര വിദ്യാഭ്യാസ നവീഷകരണ മിഷന് നടപ്പിലായാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ PISA (Program for International Student Assessment), TIMSS (Trends in International Mathematics and Science Study) മുതലായ അന്തര്‍ദേശീയ സര്‍വേകളില്‍ ആദ്യ ഇരുപത് സ്ഥാനങ്ങള്ക്കുള്ളിലാകും കേരളത്തിലെ കുട്ടികളുടെ സ്ഥാനം.