ആര്‍ദ്രം

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍. രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. 2016 നവംബര്‍ 10 മുതല്‍ ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ കീഴില്‍ വരുന്ന അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി (KIIFB) മുഖേനയും, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത്.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ-താലൂക്കാശുപത്രികള്‍ എന്നീ തലങ്ങളിലായിരിക്കും ആര്‍ദ്രം മിഷനില്‍ പ്രഥമ പരിഗണന നല്‍കുന്നത്. മിഷന്റെ രണ്ടാം ഘട്ടത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തും. ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.

ഈ മിഷന്റെ കീഴില്‍, ഒരു റെവന്യൂ ബ്ലോക്കില്‍ ഒന്ന് എന്ന കണക്കില്‍, 152 റെവന്യൂ ബ്ലോക്കുകളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും കാര്യക്ഷമമായി ഇടപെടുക എന്നിവയൊക്കെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കുന്നത്.

ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും. കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം, സൈന്‍ ബോര്‍ഡുകള്‍, രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ എന്നിവ സ്ഥാപിക്കും. ഈ സംവിധാനങ്ങളെല്ലാം പൂര്‍ണനിലയില്‍ പ്രവര്‍ത്തനക്ഷമമാകുവാന്‍ ഏതാണ്ട് മൂന്ന് വര്‍ഷം വേണ്ടി വരും.

എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.

www.aardram.kerala.gov.in