ബഹു തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം .

Posted on Thursday, June 22, 2017-3:51 pm

Hon Minister Dr. K T Jaleelemblem

 

 

 

ഡോ:കെ ടി ജലീല്‍

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി

 

പ്രിയപ്പെട്ട പ്രസിഡന്‍റ്

            തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതികള്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു നേട്ടമാണിത്. ഇതിന് നേതൃത്വം നല്‍കിയ എല്ലാ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്മാരേയും സഹായം നല്‍കിയ ഉദ്യോഗസ്ഥ അനുദ്യോഗസ്ഥരേയും ഞാന്‍ അഭിനന്ദിക്കുന്നു തുടര്‍ന്ന് നടക്കേണ്ട നൂതന പദ്ധതികളുടെ അംഗീകാരം, പ്രോജക്ടകളുടെ വെറ്റിംഗ്, നിര്‍മ്മാണപ്രവര്‍ത്തികളുടെ സാങ്കേതികാനുമതി എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സമയബന്ധിതമായി പ്രോജക്ട് നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആയതിനാല്‍ സ്പില്‍ ഓവര്‍ ഇല്ലാതെ എല്ലാ പ്രോജക്ടുകളും കാര്യക്ഷമമായും സമയബന്ധിതമായും നിര്‍വ്വഹണം പൂര്‍ത്തീകരിക്കുന്നതിന് ഓരോ തദ്ദേശഭരണ സ്ഥാപനവും ഒരു നിര്‍വ്വഹണ പരിപാടി തയ്യാറാക്കുന്നത് നന്നായിരിക്കും.


                 നിര്‍വ്വഹണ പരിപാടി എത്രത്തോളം ഗൗരവമായി തയ്യാറാക്കുന്നുവോ അത്രത്തോളം വിജയകരമായി പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനാവും. നിര്‍വ്വഹണ പരിപാടി തയ്യാറാക്കുന്നതിന് ആവശ്യമായ പരിശീലനം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.


    ഇതോടൊപ്പം താഴെപ്പറയുന്ന കാര്യങ്ങളില്‍ കൂടി നിങ്ങളുടെ സവിശേഷ ശ്രദ്ധ ഉണ്ടാകണമെന്നും താല്പര്യപ്പെടുന്നു.


1)  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15 നകം പൂര്‍ണ്ണമാക്കണം. ഇതനുസരിച്ച് ഗ്രാമസഭകള്‍ ക്രമീകരിക്കുന്നതിനുളള നടപടി സ്വീകരിക്കണം.
2)  സാങ്കേതികാനുമതി ആവശ്യമുളള പ്രോജക്ടുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി ജൂലൈ 15 നകം പൂര്‍ത്തീകരിക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ശ്രദ്ധ ചെലുത്തണം.
3) മുന്‍കാലങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഡെപ്പോസിറ്റു വര്‍ക്കുകളുടെ പൂര്‍ത്തീകരണം ഉറപ്പാക്കണം. പൂര്‍ത്തീകരിക്കാത്തതും ബാലന്‍സ് തുകയുളളതും പദ്ധതിയിലുള്‍പ്പെടുത്തി ഫലപ്രദമായി വിനിയോഗിക്കണം.
4) കായിക വികസനത്തിനായി നിര്‍ദേശിച്ചിട്ടുളള യുവജനക്ലബുകളുടെ ഏകോപനസമിതികള്‍ ജൂലൈ 15 നകം രൂപീകരിക്കണം. കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ ഒരു കലണ്ടര്‍ തയ്യാറാക്കണം.
5)  മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ചിട്ടുളള കെട്ടിടങ്ങളും വാങ്ങിയ വസ്തുക്കളും നിര്‍ജ്ജീവ ആസ്തികളായവ പട്ടികപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അനുമതിയോടെ പ്രവര്‍ത്തന സജ്ജമാക്കണം. ഇതുവഴി കാര്യക്ഷമമായ പദ്ധതി നിര്‍വ്വഹണം ഉറപ്പാക്കാം. ഇതിന് സഹായകരമായി സംസ്ഥാന ജില്ലാതല സംവിധാനങ്ങള്‍ ഒപ്പുമുണ്ട് എന്ന് അറിയിച്ചുകൊളളുന്നു.         

സസ്നേഹം

                                                                                                                                                                            sign                                  

      

ഡോ.കെ.ടി.ജലീല്‍