വെർച്ച്വൽ ക്ലാസ്സ് റൂം - ആര്‍.ജി.പി.എസ്.എ

ആര്‍.ജി.പി.എസ്.എ വഴി നടപ്പാക്കിയ വെർച്ച്വൽ ക്ലാസ്സ്മുറികൾ

ആമുഖം

        തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വർദ്ധിച്ച ശാക്തീകരണത്തിന് വിധേയമായിരിക്കുന്നു. ഇതിന്റെ ഭാഗമായി   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന പ്രവൃത്തികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.    തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണത്തോടുകൂടി ഏറ്റവും അടിത്തട്ടിലെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപീകരണത്തിലും നടത്തിപ്പിലും സുപ്രധാന പങ്ക് നേടിയിരിക്കുന്നു.  പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ഗ്രാമ വികസനകമ്മീഷണറേറ്റ്, നഗരാസൂത്രണവകുപ്പ്, തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം എന്നിവയാണ്  തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ സഹവകുപ്പുകള്‍.   ഇവയെ കൂടാതെ  മറ്റു പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനുളള  വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.  ഇത്തരത്തിലുള്ള കാര്യശേഷി വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്,  കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിൻറ്റെ കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ആര്‍.ജി.പി.എസ്.എ യുടെ  സാറ്റ്കോം ഘടക പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തിലുടനീളം വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ സ്ഥാപിച്ചിരിക്കുന്നു.   ഈ പദ്ധതിയുടെ കീഴില്‍ 28 ട്രൈയിനി നോഡുകളും (ഓരോ ജില്ലയിലും രണ്ടുവീതം) 5 ട്രൈനര്‍ നോഡുകളും സ്ഥപിച്ചിട്ടുണ്ട്.  നോഡുകളുടെ ലിസ്റ്റ് അനുബന്ധം 1-ല്‍ നല്‍കിയിട്ടുണ്ട്.

ഉദ്ദേശ ലക്ഷ്യങ്ങള്‍:-

സംസ്ഥാനത്ത് സ്ഥാപിക്കുന്ന വെര്‍ച്വല്‍ ക്ലാസ്റൂമുകളുടെ പ്രധാനപ്പെട്ട ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താഴെ കൊടുക്കുന്നു.

 1.      ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉളള പരിശീലന പരിപാടികള്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുക.
 2.   വിദൂര സ്ഥലങ്ങളില്‍ സ്ഥാപിതമായ വെര്‍ച്വല്‍ ക്ലാസ് റൂമുകളില്‍ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ദൂരത്തിന്‍റെ വേലിക്കെട്ടുകള്‍ തരണം ചെയ്തുകൊണ്ട്  പങ്കാളിത്തവും ഇടപെടലും ഉറപ്പുവരുത്തിക്കൊണ്ടുളള  പരിശീലനം  പ്രോല്‍സാഹിപ്പിക്കുന്നു.
 3.  നിലവിലുളള വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെ വിവരങ്ങള്‍  പങ്കിടുന്ന പ്രക്രിയ  സൂഗമമാക്കുന്നതിനും   മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
 4.      പ്രാവര്‍ത്തികാധിഷ്ഠിതമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍
 5.      പ്രദേശിക ഭരണ സംവിധാനത്തിലെ അനുകരണീയമായ പ്രവര്‍ത്തനങ്ങളുടെ വിപുലമായ പ്രചാരണങ്ങള്‍ക്കുളള വേദി.
 6.      ശില്‍പശാലകളും, ചര്‍ച്ചകളും സെമിനാറുകളും കാര്യക്ഷമതയോടെ സംഘടിപ്പിക്കുവാന്‍ സാധിക്കുന്നു.
 7.   ഗുണമേന്‍മയുളള  പരിശീലകരുടെയും വിദഗ്ദ്ധരുടെയും കുറവു നികത്താനും അവരുടെ സേവനങ്ങള്‍ പരമാവധി  വിനിയോഗിക്കാനും സാധിക്കും.
 8.      യാത്രാചെലവുകളും മറ്റനുബന്ധ ചെലവുകളും കുറച്ച്,  പെട്ടെന്ന് പരിശീലനം ആസൂത്രണം ചെയ്ത് നടത്തുവാന്‍ കഴിയും .
 9.      മാസ്റ്റര്‍ പരിശീലകന്‍റെ സേവനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വളരെയധികം പരിശീലനാര്‍ത്ഥികള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ കഴിയും.
 10.      നിര്‍ദ്ദേശങ്ങളുടെ അന്ത:സത്ത ചോരുന്നത് തടയുക.
 11.      നിര്‍ദ്ദേശം നല്‍കുന്നതിന്‍റെയും പഠനപ്രക്രിയയുടെയും ഗുണമേന്‍മ ക്രമീകൃതമാക്കല്‍.
 12.       28+5 വെര്‍ച്വല്‍ ക്ലാസ് റൂമുകളും പല രീതിയില്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ സാധിക്കുന്നു.

വെര്‍ച്വല്‍ ക്ലാസ് മുറികളുടെ സ്ഥാപനവും പ്രവര്‍ത്തനവും താഴെ വിഭാവനം ചെയ്തിരിക്കുന്നു.

 1. ഒരു മള്‍ട്ടിപോര്‍ട്ട് കോണ്‍ഫറന്‍സിംഗ് യൂണിറ്റ് സംസ്ഥാന ഡാറ്റ കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
 2. പരിശീലകനും വിവിധ സ്ഥലങ്ങളില്‍ പങ്കെടുക്കുന്നവരും തമ്മില്‍ ഒരേ സമയം ഇടപെടുന്ന ഒരു വേദി.
 3. പരിശീലനത്തില്‍ പങ്കെടുക്കുന്നവരും പരിശീലകനും തമ്മില്‍ തല്‍സമയം കാണുവാനും സംവേദിക്കുവാനും സാധിക്കും.
 4. ഒരേ സമയം ഒരേ വിഷയം വ്യത്യസ്ത  സ്ഥലങ്ങളിലുളള നിരവധി വെര്‍ച്വല്‍ ക്ലാസ് റൂമുകളില്‍  പരിശീലകന് പഠിപ്പിക്കാന്‍ കഴിയും.
 5. ഒന്നോ അതിലധികമോ കേന്ദ്രങ്ങള്‍ പരിശീലന കേന്ദ്രങ്ങളാക്കി ഒന്നിലധികം പരിശീലന സെഷനുകള്‍ ഒരേ സമയം നടത്താനുളള സംവിധാനം ഒരുക്കുക. അല്ലെങ്കില്‍ ഒരു പരിശീലന സ്ഥലത്തുനിന്നും എല്ലാ കേന്ദ്രങ്ങളേയും ഉൾപ്പെടുത്തി ഒരു പരിശീലന പരിപാടി നടത്താന്‍ സൗകര്യം ഒരുക്കുക.
 6. ഒരു ക്യാമറയും ഓഡിയോ സിസ്റ്റവും അടങ്ങുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപകരണങ്ങള്‍ ട്രൈയിനി ലൊക്കേഷനില്‍  സ്ഥാപിക്കും.  ട്രൈനര്‍ ലൊക്കേഷനിലെ വെവ്വേറെ ക്യാമറകൾ പരിശീലകനെയും പരിശീലനാര്‍ത്ഥികളെയും കേന്ദ്രീകരിക്കുന്നു.
 7. ട്രൈനര്‍ ലൊക്കേഷനില്‍ 2 ഡിസ്പ്ലേകള്‍ ഉണ്ടായിരിക്കും.  ഒന്ന് വിദൂരസ്ഥലങ്ങളെയും ഒന്ന്  ഉളളടക്കവും കാണിക്കുന്നു.
 8. എല്ലാ വിദൂര സ്ഥലങ്ങളിലും ഒരു പ്രൊജക്ടര്‍ ഉണ്ടായിരിക്കും. അത് പരിശീലകനെയും, ഉളളടക്കവും മറ്റു കേന്ദ്രങ്ങളേയും കാണിക്കുന്നു.
 9. എല്ലാ കേന്ദ്രങ്ങളിലും 2 മൈക്ക് ഉണ്ടായിരിക്കും, ഒന്ന് സീലിംഗില്‍ ഉറപ്പിച്ചതും മറ്റൊന്നു വയര്‍ലെസ് മൈക്കും ആയിരിക്കും. കൂടാതെ  പരിശീലന സ്ഥലങ്ങളില്‍  പരിശീലകനുവേണ്ടി ഒരു കോളര്‍മൈക്ക് ഉണ്ടായിരിക്കും.

ലഭ്യമായ സ്ലോട്ടുകളിലേക്ക് ക്ലാസുകളുടെയും/യോഗങ്ങളുടെയും സമയ സജീകരണം:-

കിലയുടെയും എസ്.ഐ.ആര്‍.ഡി യുടെയും ട്രൈയിനിംഗ് കലണ്ടറില്‍ വെർച്ച്യുൽ ക്ലാസ്റൂമുകളിൽ കൂടിയുള്ള ട്രൈനിംഗ് ഷെഡ്യൂള്‍ ചെയ്തതിനുശേഷം ഒഴിവുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണവകുപ്പിന്‍റെയോ മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയോ സ്ഥാപനങ്ങളുടെയോ ക്ലാസുകളും യോഗങ്ങളും നടത്താന്‍ ഉപയോഗിക്കാം.

 1. ലഭ്യമായ തിയ്യതി പഞ്ചായത്തിന്‍റെ വെബ് സൈറ്റിലുളള ഓണ്‍ലൈന്‍ കലണ്ടറില്‍ നോക്കാം.
 2. തിയ്യതി ലഭ്യമാണെങ്കില്‍ അപേക്ഷ പഞ്ചായത്ത് ഡയറക്ടര്‍ക്ക് rgpsavcr@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യാവുന്നതാണ്. നിര്‍ദ്ദിഷ്ട ക്ലാസുകളുടെയോ യോഗത്തിന്‍റെയോ 2 പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അപേക്ഷ എത്തിക്കേണ്ടതാണ്.
           അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട വിശദാംശങ്ങള്‍ :-
  a.    നിര്‍ദ്ദിഷ്ട സമയവും തിയ്യതിയും
  b.   ഉള്‍ക്കൊളളിക്കേണ്ട കേന്ദ്രങ്ങൾ
  c.    ആവശ്യമുള്ള സമയം
  d.    ഉദ്ദേശം ഓരോ കേന്ദ്രങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം 
   
 3. തദ്ദേശ സ്വയംഭരണവകുപ്പ് ആനുകാലികമായി നടത്തിവരുന്ന താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള അവലോകനയോഗങ്ങള്‍ ഈ സൗകര്യം ഉപയോഗിച്ച് നടത്താവുന്നതാണ്.